2020 ഓഗസ്റ്റ് 5, ബുധനാഴ്‌ച

രാജ്യം

പ്രപഞ്ചത്തിലെ ഒരു ചെറുകഷ്ണമുണ്ടിവിടെ....
വരയും വേലിയും കെട്ടിത്തിരിച്ചത്.
വേരുകളുണ്ടങ്ങോളമിങ്ങോളം, 
മുകളിൽ അടർത്തി മാറ്റിയ പച്ചപ്പിന്റെ..
കാറ്റങ്ങോട്ടും, കാറ്റിങ്ങോട്ടും വീശുന്നുണ്ട്,
അനുവാദം പോലും ചോദിക്കാതെ..
ഇവിടുത്തെ വെള്ളം അവിടെ ഊറ്റായിറങ്ങുന്നുണ്ട്, 
അശുദ്ധമല്ല പക്ഷെ..

വെടിമരുന്നിന്റെ ഗന്ധമുണ്ടിവിടെ,
അവിടെയും!
സ്ഫോടനങ്ങളിൽ ഉടലിൽ നിന്നും തല വേർപ്പെടുന്നുണ്ടിവിടെ, അവിടെയും!
തോക്കേന്തി നിൽക്കുന്ന സൈനികരുണ്ടിവിടെ, അവിടെയും!
അടിച്ചമർത്തപ്പെടുന്ന ശബ്ദങ്ങളുണ്ടിവിടെ, അവിടെയും!
അസമത്വവും, പാരതന്ത്ര്യവും, പട്ടിണിയുമിണ്ടിവിടെ, അവിടെയും!

സഹോദരങ്ങൾ, 
ഇരുവശത്തും സ്നേഹം പങ്കിടുന്നോർ
പ്രണയങ്ങൾ,
 ഇരുവശത്തും കൈകോർത്തു പിടിക്കുന്നോർ
പുസ്തകങ്ങൾ, 
ഇരുവശത്തും നെഞ്ചോട് ചേർത്തിടുന്നോർ
സംഗീതങ്ങൾ, 
ഇരുവശത്തും കാതോർക്കുന്നോർ

തീരുമാനിക്കണം, 
ഇതിലേതാണ് ലോകമെന്ന്...
അനുഭവിക്കണം, 
വരകൾക്കപ്പുറത്തെ ബന്ധങ്ങൾ...
ജീവിക്കണം, 
ഇനിയൊരെണ്ണമില്ലാത്തത് കൊണ്ട്!!

മനുഷ്യരും രാഷ്ട്രവും

ഈ രാജ്യം നമ്മുടേതാണ്..
ഇവിടെ ജനാധിപത്യമുണ്ട്,
ഇവിടെ രാഷ്ട്രീയമുണ്ട്,
ഇവിടെ സ്നേഹമുണ്ട്,
ഇവിടെ മതേതരത്വമുണ്ട്,
ഇവിടെ നിയമമുണ്ട്...

ജീവിക്കാൻ രേഖകൾ ചോദിക്കുമ്പോഴും
എഴുത്തുകാർ വെടിയേറ്റുമരിക്കുമ്പോഴും
പേരിൽ വിവേചനം കണ്ടെത്തുമ്പോഴും
പ്രതിഷേധത്തിന് ലാത്തി മറുപടി തരുമ്പോഴും

വലുപ്പച്ചെറുപ്പങ്ങളിൽ വിശ്വസിക്കുമ്പോഴും
കൂടെയുള്ളവനെ കൊല്ലാൻ പറയുമ്പോഴും
മനുഷ്യർ തുല്യരല്ലെന്ന് പറയുമ്പോഴും
മതം 'മദ'മാണെന്ന് വിശ്വസിക്കുമ്പോഴും

നിരപരാധികൾ തുറങ്കലിലടയ്ക്കപ്പെടുമ്പോഴും
കള്ളങ്ങൾ പ്രചരിക്കപ്പെടുമ്പോഴും
ജനക്കൂട്ടം തല്ലിക്കൊല്ലുമ്പോഴും
ചോറിൽ ചോര വീഴ്ത്തുമ്പോഴും

വെട്ടിപ്പിടിക്കാനായ് ആക്രാന്തം മൂക്കുമ്പോഴും
കാട് വെട്ടിത്തെളിയ്ക്കുമ്പോഴും
ഭൂമി ഞെരിപിരി കൊള്ളുമ്പോഴും
പക്ഷിമൃഗാധികൾ ചത്തൊടുങ്ങുമ്പോഴും
ജീവികളെ കൂട്ടിലടയ്ക്കുമ്പോഴും

സ്നേഹബന്ധങ്ങൾ നൂൽപൊട്ടി അലയുമ്പോഴും
മനുഷ്യൻ ഈയാംപാറ്റകളെ പോലെ പിടഞ്ഞു വീഴുമ്പോഴും
അവകാശങ്ങൾ മായ്ക്കപ്പെടുമ്പോഴും
വായിച്ചയുടനെ മറക്കുമ്പോഴും...

ഇവിടെ ജനാധിപത്യമുണ്ടോ ?
ഇവിടെ രാഷ്ട്രീയമുണ്ടോ ?
ഇവിടെ സ്നേഹമുണ്ടോ?
ഇവിടെ മതേതരത്വമുണ്ടോ ?
ഇവിടെ നിയമമുണ്ടോ ?
ഈ രാജ്യം നമ്മുടേതാണോ??

പുനർജനനം

ജീവിതത്തിലെ സമരസപ്പെടലുകളിൽ, തെറ്റുകളിൽ, 
പലപ്പോഴും കുറ്റബോധം എഴുന്നള്ളാറുണ്ട്...
അതങ്ങനെ ആയിരുന്നെങ്കിൽ, 
ഇതിങ്ങനെ ചെയ്തിരുന്നെങ്കിൽ...
ഹാ! 
ഒരിക്കൽ കൂടി ജനിക്കണം... 

ആദ്യം തന്നെ 
സമരം ചെയ്യണം... 
ശരീരത്തിനോടും, മനസ്സിനോടും...
പിന്നെ... 
തിന്മയുടെ പര്യായങ്ങളോട്, 
നീതിയില്ലാത്ത വ്യവസ്ഥിതികളോട്,  
ജീവനെ സ്നേഹിക്കാത്ത ചിന്താഗതികളോട്...
വാക്കു കൊണ്ടും വിയർപ്പ് കൊണ്ടും ചോര വീഴ്ത്താതെ യുദ്ധം ചെയ്യണം...

പഠിക്കണം,
ഞാനറിഞ്ഞിട്ടില്ലാത്ത ലോകത്തെ, 
എന്റെ ജീവൻ നിലനിർത്തുന്ന ജീവിതങ്ങളെ, പ്രതീക്ഷകൾ നഷ്ടപ്പെട്ട ഹൃദയങ്ങളെ, 
ജീവിക്കുന്നതിന്റെ ലക്ഷ്യങ്ങളെ, 
തുറന്നു നോക്കിയിട്ടില്ലാത്ത വരികളെ....

സംസാരിക്കണം,
ശബ്ദം താഴ്ത്തപ്പെട്ടവർക്കായി, 
കരയടുക്കേണ്ടവർക്കായി,
 ഒപ്പം കൂട്ടേണ്ടവർക്കായി, 
പറയാനറിയാത്തവർക്കായി, 
നാവടയ്ക്കപ്പെട്ടവർക്കായി...

എഴുതണം,
പ്രതിഷേധങ്ങളുടെ മഷിയിൽ മുക്കി, 
നേത്രഞരമ്പുകളിൽ ചാലിക്കാൻ, 
കാലാതിവർത്തികളായ പൊള്ളയുഷ്‌ണങ്ങളെ കത്തിച്ചെറിയാൻ, 
ചിന്തയില്ലാത്ത ചിന്താഗതികളെ ഇരുമ്പുലക്ക തീറ്റിക്കാൻ, 
അസ്പർഷ്യത വിളമ്പുന്നവന്റെ മുഖത്തേക്ക് കാറിത്തുപ്പാൻ!!