2018 ഏപ്രിൽ 9, തിങ്കളാഴ്‌ച

നിലനിൽപ്പ്

വെളിച്ചമില്ലാതെ സൂര്യനില്ല,
കടലില്ലാതെ കരയില്ല,
ഭൂമിയില്ലാതെ ആകാശമില്ല,
മണ്ണില്ലാതെ മലകളുമില്ല....
ഇതിന്റെയൊക്കെ കാരണം പ്രണയമാണോ...
ആണെന്നാരും പറഞ്ഞിട്ടില്ല...
കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നതല്ല,സ്വതവേ ഉണ്ടാകുന്നതിനെയാണ് പ്രണയം എന്ന് വിളിക്കാൻ കഴിയുക.
പ്രണയം ഉണ്ടെങ്കിൽ മാത്രമേ ലോകം നിലനിൽക്കൂ എന്നില്ല...
ആബേലും,സോളമനും മുതൽ സീസറും ഷാജഹാനും വരെ...
ക്രിയോപാട്രയും ലൈലയും മുതൽ അനാർക്കലിയും ഡയാനയുമെല്ലാം പ്രണയത്താൽ കൊല്ലപ്പെട്ടവരായിരുന്നു...
അതിന്റെ നീറ്റലും വേദനയും മരണവും സുഖമുള്ളതുകൊണ്ടാകും ഇന്നും ലോകത്ത് പ്രണയം നിലനിൽക്കുന്നത്.. പ്രണയമില്ലെങ്കിലും മനുഷ്യരുണ്ടാകും ഇവിടെ...

2018 ഏപ്രിൽ 6, വെള്ളിയാഴ്‌ച

മേഘമേ..

വെയിലേറ്റു തളർന്ന എനിക്ക് തണലും കുളിരുമായി എന്തിനാണ് നീ ദൂരെ നിന്നും ഒഴുകി വന്നത്...
ഒരു ചാറ്റൽ പോലും നൽകാതെ നീ ദൂരേക്ക് പോയ്‌...
നീ വരാതിരുന്നെങ്കിൽ!
ഞാനാ വെയിലിൽ വെണ്ണീറായിപ്പോയെങ്കിൽ!

2018 ഏപ്രിൽ 1, ഞായറാഴ്‌ച

പ്രാണന്റെ ഗന്ധം

പ്രാണന്റെ ചൂരാണിവിടെ... രക്തത്തിന്റെ മണമുള്ള, വിയർപ്പിൽ പൊതിഞ്ഞ നിന്റെ അരക്കെട്ടിൽ, ഞാനെന്റെ ഫണങ്ങൾ കൊണ്ട് ചിത്രങ്ങൾ രചിക്കും..
അതിൽ നിന്നും പാരവശ്യത്തിന്റെ നിശ്വാസങ്ങൾ വെമ്പൽ കൊള്ളും...
പ്രണയത്തിന്റെ ശവംനാറിപ്പൂക്കൾ നിറഞ്ഞ താഴ്‌വരയിൽ ഞാൻ പരവേശപാരമ്യത്തിന്റെ റോസാ പുഷ്പങ്ങൾ വിരിയിക്കും...
അവിടെ കാമത്തിന്റെ സുഗന്ധം നിറയും...
കാലത്തിനുമപ്പുറം ഞാനതിൽ ലയിക്കും!

2018 ഫെബ്രുവരി 12, തിങ്കളാഴ്‌ച

അവളുമായ്...

വീണ്ടും ഇരുണ്ട് പോകുകയാണ്....
എവിടേക്ക്???
എവിടേക്കോ!
പ്രണയമാണോ?
അല്ല.
ന്തേ?
ചങ്ങലകൾ!
എവിടെ? ഞാൻ കാണുന്നില്ല.
എനിക്ക് കാണാം.മനസ്സ് വരിഞ്ഞു മുറുക്കിയ ചങ്ങലകൾ.
ന്തിന്റെ?
പ്രതിബദ്ധതയുടെ,സ്നേഹത്തിന്റെ,മതത്തിന്റെ,യാഥാർത്ഥ്യത്തിന്റെ ചങ്ങലകൾ
നീ തന്നെ തീർത്തത്...
അല്ല,എന്നോടൊപ്പം ഉള്ളത്.ഞാൻ പിറന്നു വീണത് മുതൽ..ഇനി മരണം വരെയും
പൊട്ടിച്ചൂടെ?
ല്ല,മരണം!
ഭയമാണോ?
ല്ല,മരണം
ഞാനും ആ ചങ്ങലയിൽ മുറുകട്ടെ?
വേണ്ട,ഒറ്റപ്പെടൽ..മരണം!

🖤**********************************

നിക്ക് തണുക്കുന്നു?
ന്തേ?
വയ്യ!
പറഞ്ഞതല്ലേ?
സഹിക്കാം
പിന്നെ?
വല്ലാത്ത.. ന്തോ...
പറഞ്ഞതല്ലേ?
ന്ത്?
ഒറ്റപ്പെടൽ
സാരമില്ല!
ചേർത്ത് പിടിക്കട്ടെ?
മ്..
മതിയോ?
പോര..
ഇനിയും?
മ്..വേണം
സഹിക്കാൻ പറ്റ്വോ?
മ്..സഹിച്ചോളാം
ന്തേലും തോന്നുന്നോ?
മ്..
ന്ത്?
ജയ്ച്ചൂന്ന്
ന്തിനെ?
നീ അന്ന് പറഞ്ഞതിനെയെല്ലാം..
പിന്നെയോ?
ഞാൻ കാണുന്ന്...
ന്തിനെ?
മരണത്തെ...
ഞാനും വരട്ടെ?
വേണ്ട!
പിന്നെ?
വിളിച്ചു പറയ്...
ന്ത്?
നമ്മൾ ജയ്ച്ചൂന്ന്
മ്
ന്തേ?
പറ..യാ..യാംന്ന്....
🖤

2018 ജനുവരി 22, തിങ്കളാഴ്‌ച

പ്രണയമേ..

പ്രണയമേ,നിന്റെ ചിറകിലേറിപ്പറക്കട്ടെ ഞാൻ
കോടമഞ്ഞും ചോലകളും പിന്നിട്ടാ-
മലനിരകളിന്നത്യുംഗതങ്ങളിൽ പാറിനടക്കാം,
പാതിരാമഴയും നനഞ്ഞു കുളിർകൊണ്ടു
ഈ പാതയോരങ്ങൾ മീതെ തെന്നലിൻ മാറിൽ ഒന്നമർന്നീടാം
(ചേർത്തു പിടിക്കണം നീയെന്നെയിനിയുമേറെ)

പ്രണയമേ,നിന്റെ മടിത്തട്ടിൽ ഞാനൊന്നുറങ്ങട്ട
സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ തഴുകിത്തലോടി-
യാ മോഹങ്ങൾ പേറുമീ തൂലിക പകർത്തട്ടെ 
പ്രാണവിരക്ത ലഹരിതൻ ചേരുവകൾ

പ്രണയമേ,നീ കാതോർക്ക നിന്നിലാസക്തമായ
ഈ ജപമന്ത്ര വരികൾ
പറയുവാനേറെയാശിച്ച മിഥ്യാവചനങ്ങൾ,
കാണാൻ കൊതിച്ച നിമിഷങ്ങൾ,
മനസ്സിൽ സുഗന്ധം പൂത്ത സന്ധ്യകൾ

പ്രണയമേ,വിടരട്ടെ നിന്റെ ചില്ലകളിൽ, ഞാൻ പൂത്തുലയട്ടെ,
ഇനിയുമേറെ പുഷ്പങ്ങൾ ഈ മരച്ചോട്ടിൽ പെയ്തിറങ്ങട്ടെ,
തേന്മാവുകൾ കായ്ക്കട്ടെയതിൽനിന്നീ-
പ്രിയമാനസത്തിൻ വണ്ടുകൾ നുകരട്ടെ!

പ്രണയമേ,പിന്നിട്ട വഴികൾ തിരികെപ്പറക്കാതെ ശയ്യാവലംബയായ്കയാൽ
നിന്നെയെൻ തോളിലേറ്റീടാം
തിരികെ നടക്കാം പറ്റുന്നിടത്തോളം,
തളരട്ടെ,നാമൊരുമിച്ചു വീഴട്ടെ
ഈ മണ്ണിലലിയട്ടെ!!

2017 ഒക്‌ടോബർ 12, വ്യാഴാഴ്‌ച

ദൈവീക പ്രണയം

ഒരിക്കൽ മാത്രം പൂവിട്ട ഗുൽമോഹറാണെന്റെ മനസ്സ്....
കാലമെത്ര കഴിഞ്ഞാലും അതിനി പൂക്കില്ലെന്ന വാക്ക് മാത്രം തരാം നിനക്ക് ഞാൻ...
അന്ന് പൂവിട്ട പൂക്കൾ ഇനിയും പൊഴിഞ്ഞു തീർന്നിട്ടില്ലെന്ന വിശ്വാസത്തിൽ ഇനിയുള്ള ശിശിരങ്ങൾ ഞാൻ പിന്നിടും...
ഒടുവിലെ പൂവും മണ്ണിൽ അലിഞ്ഞു ചേരുമ്പോൾ നീ മഴയായ് പെയ്യുമെന്ന പ്രതീക്ഷയോടെ...

2017 സെപ്റ്റംബർ 6, ബുധനാഴ്‌ച

ഒരു ജൻമം മതിയാകില്ലീ ജാതക-
പ്പിശകിന് പ്രായശ്ചിത്തം കാണുവാൻ
പുലരിയും രാവും വീണ്ടുമൊരു
പുലരിയും...
എത്ര കാതം ഇനിയും പിന്നിടേണ്ടിയിരിക്കുന്നീ
നിത്യഹരിത വനങ്ങൾ പൊഴിയു-
മൊരുനാൾ
മണൽകാട്ടിൽ ദാഹിക്കും..
പിന്നിട്ട വനങ്ങളും,പുഴകളും,കുളങ്ങളും
മടിക്കുത്തിൽ തിരുകിയ പൊയ്‌ലയും ചുണ്ണാമ്പും
ചുണ്ടിലേക്കടുപ്പിക്കുമ്പോൾ
കഷണ്ടിത്തലയുമായാ ചുരുണ്ടമുടിക്കാരിയെ മോഹിക്കും...